PAULO COELHO

ഒരു ബ്രസീലിയൻ നോവലിസ്റ്റാണ് പൗലോ കൊയ്ലോ. 1947 ഓഗസ്റ്റ് 24-ആം തീയതി റിയോ ഡി ജനീറോയിൽ ജനിച്ചു. പിതാവ് എഞ്ജിനീയറായിരുന്ന പെദ്രോ ക്വീമ കൊയ്ലോ ഡിസൂസ, മാതാവ് ലൈജിയ.
കുട്ടിക്കാലത്ത് ഒരു സാഹിത്യകാരനാകണമെന്നുള്ള ആഗ്രഹത്തെ അദ്ദേഹത്തിന്റെ മദ്ധ്യവർഗ്ഗ കുടുംബം എതിർത്തിരുന്നു; അത്, മനോരോഗത്തിന്റെ ലക്ഷണമെന്നാരോപിച്ച് പലതരം ചികിത്സകൾക്കും അദ്ദേഹത്തെ വിധേയനാക്കി. നാടക സംഘങ്ങളിലും പത്രപ്രവർത്തകനുമായി കഴിഞ്ഞ കൊയ്ലോ, 1968 ൽ ഹിപ്പി സംസ്കാരവുമായും, പുരോഗമന രാഷ്ട്രീയവുമായും, അന്ന് ബ്രസീലിലെ പട്ടാള ഭരണത്തിനെതിരെ പ്രവർത്തിച്ചിരുന്ന ഒളിപ്പോരാളികളുമായും ഒത്ത് പ്രവൃത്തിച്ചു. ഇതിനിടെ ഇതരമാർഗ്ഗം പ്രചരിപ്പിക്കുന്ന 2001 എന്ന മാസിക പുറത്തിറക്കി. 1973ൽ കൊയ്ലോ, റൌൾ സീക്സാസ് എന്ന സംഗീത നിർമ്മാതാവും കൂടി വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പ്രചരിപ്പിക്കുന്ന ആൾടർനേറ്റീവ് സൊസൈറ്റി എന്ന സംഘടനയിൽ ചേർന്ന് ചില കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. ആ കാരണത്താൽ ബ്രസീലിയൻ അർദ്ധസൈനിക വിഭാഗം തട്ടിക്കൊണ്ടു പോവുകയും തടങ്കലിൽ പാർപ്പിച്ച് പീഡിപ്പികുകയും ചെയ്തു. ഈ അനുഭവം കോയ്ലോയുടെ മാനസികനിലയെ മാറ്റിമറിച്ചു. ആംസ്റ്റർഡാമിലെ ഒരു കാപ്പിക്കടയിൽ വച്ച് പരിചയപ്പെട്ട ഒരു അജ്ഞാതൻ കോയ്ലോയെ കത്തോലിക്ക സഭയിലേക്ക് ആകർഷിക്കുകയും, അദ്ദേഹം സാൻഡിയാഗോവിലേക്ക് തീർത്ഥാടനത്തിനു പുറപ്പെടുകയും ചെയ്തു. 1987ൽ, തീർത്ഥാടനത്തിനു ശേഷം തന്റെ അനുഭവങ്ങളും, സാധാരണ മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളും കോർത്തിണക്കിയ ദി പിൽഗ്രിമേജ് എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു.
ഇന്ന് ജീവിച്ചിരിക്കുന്നതിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരൻ എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ദി ആൽകെമിസ്റ്റ് എന്ന നോവൽ വളരെ പ്രസിദ്ധമാണ്. 56 ഭാഷകളിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 65 ദശലക്ഷം കോപ്പികൾ വിറ്റുപോയതായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ 57 ഭാഷകളിലും 150 രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.