P PADMARAJAN

പി. പത്മരാജന്‍
(1945-1991)
1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍, അനന്തപത്മനാഭപിള്ള-ദേവകിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുതുകുളം ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളജ് എന്നിവിടങ്ങളില്‍ പഠനം. 1963-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം രണ്ടുവര്‍ഷം മഹാപണ്ഡിതനായ ചേപ്പാട് അച്യുതവാരിയര്‍ക്കു കീഴില്‍ സംസ്‌കൃതം പഠിച്ചു. 1965 ഏപ്രിലില്‍ എ.ഐ.ആര്‍. തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സറായി 1986 വരെ അവിടെ തുടര്‍ന്നു. 1965-ല്‍ കൗമുദിയില്‍ പ്രസിദ്ധീകരിച്ച ലോല മില്‍ഫോഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. തുടര്‍ന്ന് പതിനഞ്ചോളം നോവലുകളും നൂറില്‍പ്പരം ചെറുകഥകളും രചിച്ചു. 1972-ല്‍ ആദ്യ നോവല്‍ നക്ഷത്രങ്ങളേ കാവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1974-ല്‍ പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും കടന്നു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുടേതുള്‍പ്പെടെ 36 തിരക്കഥകള്‍ രചിച്ചു. നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്ര രചയിതാവ്.
1991 ജനുവരി 23-ന് കോഴിക്കോട്ട് അന്തരിച്ചു.