SWAMI VIVEKANANDA

സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 – ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻപ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.
കൃതികൾ
അദ്ദേഹത്തിന്റെ കൃതികൾ (പലഭാഗത്തായി നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും സ്വരൂപിച്ചവ) പ്രധാനമായും നാലു യോഗങ്ങളെ (രാജയോഗം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം) സംബന്ധിച്ചവയാണ്. ഇവയിൽ പലതും അതതു യോഗയിൽ വളരെയധികം സ്വാധീനം ചെലുത്തിയവയും ഇന്നും അടിസ്ഥാനഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നവയുമാണ്. അദ്ദേഹം പല സുഹൃത്തുക്കൾക്കായി പലപ്പോഴായി എഴുതിയ കത്തുകളും ആത്മീയവും സാഹിത്യവുമായ മൂല്യങ്ങൾ ഉള്ളവയാണ്. വളരെ നല്ല ഒരു ഗായകനും സാഹിത്യകാരനുംകൂടിയായിരുന്നു വിവേകാനന്ദൻ. അദ്ദേഹം തന്റെ ഇഷ്ടദൈവമായ കാളിയെ സ്തുതിക്കുന്ന നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും ഉദ്ബോധനങ്ങളിലും ധാരാളം നർമ്മരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി കാണാം. ബംഗാളി ഭാഷയിലുള്ള അദ്ദേഹത്തിന്റെ കൃതികൾ പലതും വളരെയധികം ലളിതമായിരുന്നു. പ്രഭാഷണങ്ങളാകട്ടെ, കൃതികളാകട്ടെ അത് ഒരിക്കലും രചയിതാവിന്റെ ഭാഷാപ്രാഗല്‌ഭ്യം തെളിയിക്കാനുള്ളതാവരുത് , മറിച്ച് അനുവാചകഹൃദയങ്ങളിലേക്ക് ലോലമായി കടന്നു ചെല്ലുന്നതാകണം എന്ന് സ്വാമി ദൃഢമായി വിശ്വസിച്ചു.
ബഹുമതികൾ
1995 നവംബർ 11നു ഷിക്കാഗോയിലെ പ്രമുഖ തെരുവുകളിലൊന്നായ മിഷിഗൻ അവന്യൂവിന്റെ ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ വേ (Swami Vivekananda Way) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.