Description
സത്യാസത്യ വിവേചകമായി, മാനവ സമുദായത്തിന്റെ രക്ഷാശിക്ഷകൾക്ക് മാനദണ്ഡവും സന്മാർഗ്ഗ ദീപവുമായി അല്ലാഹു അവന്റെ അന്ത്യദൂതനിലൂടെ അവതരിപ്പിച്ച വിശുദ്ധവേദമാണ് പരിശുദ്ധഖുർആൻ. അതിനെ അവൻ സത്യവിശ്വാസികൾക്ക് സുവിശേഷവും ഉപദേശവും ദുർജ്ജനങ്ങൾക്ക് താക്കീതുമാക്കി. കൂടാതെ വിശുദ്ധ ഖുർആൻ രോഗങ്ങൾക്ക് ശമനവും സന്മാർഗ്ഗവും അനുഗ്രഹവുമാക്കി. ഖുർആൻ പ്രഖ്യാപിച്ച പോലെ അതിൽ യാതൊരു സന്ദേഹവുമില്ല. ഏറ്റവും ഋജുവായ മാർഗ്ഗത്തിലേക്കാണ് അത് നമ്മെ വഴി നയിക്കുക. അത് സമ്പൂർണ്ണവും സത്യവിശ്വാസികൾക്ക് പ്രമാണവുമാകുന്നു. പരിശുദ്ധഖുർആൻ, സത്യമാർഗ്ഗം ലോകത്തിന് തുറന്നുകാട്ടുക വഴി മനുഷ്യരെ സന്മാർഗ്ഗത്തിലേക്ക് നയിച്ചു. അതുപോലെ അസത്യമാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടി അവയിൽ നിന്നെല്ലാം മാനവ സമൂഹത്തെ തടഞ്ഞു മുഹമ്മദ്(സ)യുടെ കാലശേഷം ഇനി ഒരു പ്രവാചകന്റെയൊ പുതിയൊരു വേദഗ്രന്ഥത്തിന്റെ അവതരണത്തിനോ ആവശ്യം നേരിടാത്തവണ്ണം വിശുദ്ധ ഖുർആനെ ലോകാവസാനം വരെ നിലനിർത്തുന്നതാണെന്ന് സഷ്ടാവാവായ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. മതനിയമങ്ങളെ വളച്ചൊടിക്കുന്നവർക്കും ദുർവ്യാഖ്യാനം ചെയ്യുന്നവർക്കുംശക്തമായ ഭാഷയിൽ ഖുർആൻ മറുപടി നൽകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും ഏറ്റവും കൂടുതൽ മനഃപാഠമാക്കപ്പെടുന്നതുമായ ഒരു വേദ ഗ്രന്ഥമാണ് വിശുദ്ധഖുർആൻ.
ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലേക്കും ഖുർആൻ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഗ്രന്ഥത്തിനുമില്ലാത്ത സവിശേഷതകളാണിതൊക്കെ.
ചെറുപ്പക്കാലത്ത് ഖുർആൻ പഠിക്കാൻ സാധിച്ചിട്ടും ഭൗതിക ജീവിതത്തിന്റെ
ഓട്ടപ്പാച്ചിലുകൾക്കിടയിൽ പാരായണം ചെയ്യാതിരിക്കുക വഴി ഒഴുക്കോടെ ഓതുവാൻ സാധിക്കാതെ പോയവരോ, ഖുർആൻ പഠിക്കുവാൻ തന്നെ ഭാഗ്യം സിദ്ധിക്കാതെ പോയവരോ ആയ ആയിരക്കണക്കിന് സത്യവിശ്വാസികൾ നമ്മുടെചുറ്റും ഉണ്ട്. എങ്കിലും രാജാധിരാജനായ നാഥന്റെ തിരുവചനങ്ങൾ സൂക്ഷ്മമായി പാരായണം ചെയ്യുവാൻ മനസ്സ് കൊതിക്കുന്നവരാണ് ബഹുഭൂരിപക്ഷവും ഖുർആൻ ശരീഫ് ഒഴുക്കോടെ ഓതാൻ കഴിയാത്തവരും പാരായണ നിയമമനുസരിച്ച് ഓതാൻ ആഗ്രഹമുള്ളവരുമായ സഹോദരങ്ങൾക്ക് അവരുടെ ഹ്യദയാഭിലാഷം പൂർത്തീകരീകരിക്കാനുള്ള ചെറിയൊരു ചുവടുവെയ്പ്പാണ് ഈ പാരായണ സഹായി.
പാരായണത്തിൽ സംശയം വരുമ്പോൾ ഒത്ത് നോക്കി തെറ്റ് തിരുത്തുവാനും ഒഴുക്കോടെ ഓതിപ്പഠിക്കുവാനും തക്കരീതിയിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്. എങ്കിലും ഉച്ചാരണ വൈകല്യങ്ങൾ തീർത്തും ഒഴിവാക്കി അക്ഷരസ്ഫുടതയോടു കൂടി ഓതുവാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.വേറിട്ട ഉച്ചാരണ ശൈലി കാരണം അറബി ഭാഷ മലയാളത്തിലെഴുതാൻ സാധ്യമാകാത്തതിനാൽ ആദ്യം തന്നെ അക്ഷരസൂചികയും അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥാനങ്ങളും കൃത്യമായി മനസ്സിലാക്കിയതിന് ശേഷമേ വിശുദ്ധ ഖുർആൻ പഠന സഹായി ഉപയോഗിച്ച് പാരായണം ചെയ്തു തുടങ്ങാവു. അല്ലാത്തപക്ഷംപാരായണത്തിൽ ഗുരുതരമായ അർത്ഥ വ്യതിയാനങ്ങൾ സംഭവിച്ചേക്കാം ആയതിനാൽ വളരെ സൂക്ഷിച്ച് ശ്രദ്ധയോട് കൂടി പാരായണം ചെയ്യാൻ ശ്രമിക്കണം.എല്ലാ വീഴ്ചകളുംഎല്ലാമറിയുന്നവനായ കരുണാവാരിധി പൊറുത്തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ പരിശ്രമത്തെ എല്ലാ നിലയിലും ഖബൂലാക്കുമാറാകട്ടെ. ആമീൻ
പ്രസാധകർ
Related
Reviews
There are no reviews yet.